കോഴിക്കോട്: ദേശീയപാത 766-ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ സ്വദേശി അരുൺ സജി (26) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ മനു പോളിനെ അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ താമരശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
