തിരുവനന്തപുരം: രാഷ്ട്രീയമായ പകപോക്കലിൻ്റെ ഭാഗമായി പൊലീസ് നടപടികൾക്ക് സമ്മർദമുണ്ടാകുന്നതിൻ്റെ പേരിൽ പൊലീസിൽ അസ്വസ്ഥത പുകയുന്നു.
സർക്കാറിൻ്റേയും ചില ഉയർന്ന ഐ പി എസ് മേധാവികളുടെയും രാഷ്ട്രീയവും വ്യക്തിപരവുമായ പ്രതികാര നടപടികൾക്ക് തങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്നാണ് ആക്ഷേപം.
കാര്യങ്ങളെ കൃത്യമായി പഠിക്കാതെയും വിശകലനം ചെയ്യാതെയുമാണ് ആഭ്യന്തരവകുപ്പിൽ നിർദ്ദേശങ്ങൾ വരുന്നതെന്നും ഇതേത്തുടർന്ന് കോടതിയുടെ വിമർശനങ്ങൾക്ക് വിധേയരാകേണ്ടിവരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നു.
ഏറ്റവും ഒടുവിൽ റിപ്പോർട്ടർ ചാനൽ മേധാവി ആൻ്റോ അഗസ്റ്റ്യനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു ദിവസം മുഴുവൻ നീണ്ട നാടകീയ സംഭവങ്ങളാണ് പൊലിസിന് നാണക്കേടായി മാറിയിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെ തുടങ്ങിയ നടപടികൾ വ്യാഴാഴ്ച പുലർച്ചെയാണ് അവസാനിച്ചത്. ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൻ്റെ നിർദേശ പ്രകാരമാണ് ബുധനാഴ്ച പൊലീസ് റിപ്പോർട്ടർ ടി വി ആസ്ഥാനത്ത് റെയ്ഡ് നടത്തിത്. കൃത്യമായ രേഖകളില്ലാതെ റെയ്ഡിനെത്തിയ പൊലീസ് ചാനലിൻ്റെ ഷെഡ്യൂൾ പരിപാടികൾ തടസ്സപ്പെടുത്തിയത് വ്യാപകമായ വിമർശനത്തിന് വഴിവെച്ചിരുന്നു. ബുധനാഴ്ച പകലും രാവും ചാനൽ ഓഫിസിൽ നിലയുറപ്പിച്ച പൊലീസ് ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. മെസ്സി വിഷയത്തിൽ അറസ്റ്റിലേക്ക് നയിക്കാവുന്ന തെളിവുകൾ ലഭിക്കാതെ വന്നപ്പോഴാണ് മദ്യം കണ്ടെത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തതെന്നാണ് വിമർശനം. പൊലിസിലും എക് സൈസിലും ഇതിനായുള്ള കടുത്ത സമ്മർദ്ദമുണ്ടായിരുന്നതായും സൂചനയുണ്ട്.
നേരത്തെ, ചാനൽ പ്രർത്തകയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനിടയായ സംഭവത്തിലും പൊലീസ് വിമർശനം നേരിടുകയാണ്. ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തെ തുടന്ന് മീഡിയ ജേർണലിസ്റ്റിനെതിരെ സൈബർ ആക്രമണം നടന്നിരുന്നു. അവരുടെ പരാതിയിൽ കേസ്സെടുത്ത പൊലിസ് , രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് അതിൽ നിന്ന് പിൻവാങ്ങി. പിന്നീട് മറ്റൊരു പരാതിയിൽ മീഡിയ ജേർണലിസ്റ്റിനെതിരെ കേസ്സെടുക്കുകയും ചെയ്തു. രാഷ്ട്രീയ സമ്മർദ്ദങ്ങളാൽ പൊലിസിന് പ്രവർത്തന സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണെന്ന വിമർശനമാണ് ഉയരുന്നത്.
സി.പി.എം എറണാകുളം സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ എസ് അരുൺ കുമാറിനെതിരെ കേസ് എടുത്ത സംഭവത്തിലും പൊലീസിനെതിരെ കടുത്ത വിമർശനമുയർന്നിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ സന്ദർശനം സംബന്ധിച്ച സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ വിദേശ യാത്രയെ അധിക്ഷേപിച്ച തിനാണ് കേസ്. ഇടതു ഭരണ കാലത്തേയും യു ഡി എഫ് കാലത്തേയും മന്ത്രിമാരുടെ വിദേശ സന്ദർശന വിഷയത്തിൽ മാധ്യമങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പിനെ കുറിച്ചാണ് അരുൺ കുമാർ പോസ്റ്റിട്ടിരിക്കുന്നത്.
“ആരോ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോഴാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അമേരിക്കയിൽ പോയത് മലയാളികൾ അറിയുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അമേരിക്കയിൽ പോകുന്നത് മാത്രമല്ല, അവിടെ മന്ത്രിമാർ ആരുടെ കാറിൽ കയറുന്നു എന്നത് വരെ മാധ്യമങ്ങൾ അന്വേഷിച്ചേനെ… വലതുപക്ഷത്തിന്റെ പ്രിവിലേജിന് അതിരുകൾ ഇല്ലല്ലോ..”
ഇത്രയുമാണ് പോസ്റ്റിലുള്ളത്. ഇതിൽ ആഭയന്തര മന്ത്രിയെ അധിക്ഷേപിക്കുന്ന യാതൊന്നുമില്ലാതിരിക്കെ കേസ് രജിസ്റ്റർ ചെയ്തതിലാണ് പോലീസിനെതിരെ വിമർശനമുയരുന്നത്.
