കോഴിക്കോട് : സംസ്ഥാനത്ത് മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച താൽക്കാലിക അധിക ബാച്ചുകളുടെ ലിസ്റ്റ് മുസ്ലിം ലീഗിന്റെയും യു.ഡി.എഫ് സർക്കാരിന്റെയും കച്ചവട താല്പര്യം പ്രകടമെന്ന് ആരോപണം. അനുവദിച്ച 117 അധിക ബാച്ചുകളിൽ 90-ലധികം ബാച്ചുകളും എയ്ഡഡ് മേഖലയിലാണ് അനുവദിച്ചിരിക്കുന്നത്.പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് എസ് എഫ് ഐ ആരോപിച്ചു.
കോഴിക്കോട് ജില്ലയിൽ അനുവദിച്ച 20 ബാച്ചും എയ്ഡഡ് സ്കൂളുകൾക്കാണ്. മലപ്പുറത്ത് 58 സ്കൂളിലായി 60 ബാച്ച് അനുവദിച്ചു. ഇതിൽ 48 എണ്ണവും എയ്ഡഡ് മേഖലയിലാണ്. പാലക്കാട് 29 സ്കൂളുകളിലായി അനുവദിച്ച 30 ബാച്ചിൽ 11 എണ്ണം മാത്രമാണ് സർക്കാർ മേഖലയിലുള്ളത്.
സർക്കാർ വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള സാഹചര്യവും നിലനിൽക്കെ, അവയെയെല്ലാം പൂർണ്ണമായി അവഗണിച്ചാണ് എയ്ഡഡ് മാനേജ്മെന്റുകൾക്ക് വിദ്യാഭ്യാസ വകുപ്പ് വഴിവിട്ട് ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. സീറ്റ് പ്രതിസന്ധിയിൽ ഉത്തരംമുട്ടി നിൽക്കുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും എയ്ഡഡ് ലോബിക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കുന്ന സമീപനമാണ് മുസ്ലിം ലീഗ് കൈക്കൊള്ളുന്നത്. താൽക്കാലിക ബാച്ചുകളെന്ന പേരിൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ നോക്കുമ്പോഴും, ഇതിന്റെ മറവിൽ കോടികളുടെ കോഴപ്പണമാണ് മാനേജ്മെന്റുകൾ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി മാറ്റുന്ന യു.ഡി.എഫിന്റെ ഈ കോർപ്പറേറ്റ് പ്രീണന നയം കേരളത്തിലെ വിദ്യാർത്ഥിസമൂഹം അനുവദിച്ച് നൽകില്ലെന്ന് എസ് എഫ് ഐ പ്രസ്താവിച്ചു.
മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതവും സുതാര്യവുമായ പരിഹാരം കാണുവാൻ സർക്കാർ തയ്യാറാകണം. സർക്കാർ മേഖലയിൽ കൂടുതൽ സ്ഥിരമായ ബാച്ചുകൾ അനുവദിക്കണമെന്നും അർഹതപ്പെട്ട സർക്കാർ സ്കൂളുകളെ അവഗണിച്ച് എയ്ഡഡ് മേഖലയ്ക്ക് ബാച്ചുകൾ വാരിക്കോരി നൽകിയ ഉത്തരവ് ഉടനടി തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം സമരപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
