തിരുവനന്തപുരം: അമ്പായത്തോട് ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാൻ്റ് പ്രവർത്തനം നിർത്തിവെച്ച് ഉടനടി അടച്ചുപൂട്ടുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. സ്ഥാപനത്തിൽ നിന്നുള്ള മാലിന്യജലത്തിന്റെ ഒഴുക്കുമൂലം പ്രദേശവാസികൾക്ക് ഇപ്പോഴും പ്രയാസം നേരിടുകയും ശക്തമായ പ്രതിഷേധം നടത്തുകയും ചെയ്യുന്നതായി ബോർഡിന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്ഥാപനത്തിൽ നിന്നുള്ള മലിനീകരണ പ്രശ്നങ്ങളെക്കുറിച്ച് ബോർഡിന് നിരവധി പരാതികൾ ലഭിച്ചിട്ടുളളതായി ഉത്തരവിൽ വ്യക്തമാക്കി.
വെള്ളപ്പൊക്കത്തില്‍ പ്ലാന്റിനുള്ളില്‍ വെള്ളം കയറുകയും പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപ പുഴയിലേക്ക് ഒഴുകിപ്പോകുന്ന ഗുരുതര സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
