ലീഗിനും എതിർപ്പ്
തിരുവനന്തപുരം: സ്കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യം വന്നതും ഓഗസ്ത് 15 ന് വന്ദേ മാതരം പൂർണ്ണ രൂപത്തിൽ പാടണമെന്ന് ഉത്തരവിറക്കിയതും സർക്കാറിനെ കുഴക്കുന്ന വിവാദമായി.
മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയാണ് വിവാദത്തിലായത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരം ആയാണ് വി ഡി സവർക്കർ എന്ന് നൽകിയിരുന്നത്.
എൽപി വിദ്യാർത്ഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചരിത്ര വിരുദ്ധമായ ചോദ്യം ഉൾപ്പെട്ടത്. മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.
ചോദ്യപേപ്പർ വിഷയം ചർച്ചയായി നിലനിൽക്കെയാണ് സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ വന്ദേ മാതരം പൂർണ്ണമായി ആലപിക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ കത്ത് പുറത്തു വന്നിട്ടുള്ളത്. കേന്ദ്ര സർക്കാറിൻ്റെ ജൂലൈ 14 ൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. വന്ദേമാതരത്തിൻ്റെ നൂറ്റൻപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് പൂർണ്ണ രൂപത്തിൽ ചൊല്ലുന്നതിന് അറിയിച്ചിട്ടുളളത്. മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന തദ്ദേശത സ്വയം ഭരണം, പൊതു വിദ്യാഭ്യാസം വകുപ്പുകൾക്കാണ് ഇതിൻ്റെ ഏകോപന ചുമതല. സത്യ പ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് വലിയ വിവാദമായിരുന്നു. ഗവർണ്ണർ ഓഫീസിൽ നിന്നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ചിട്ടപ്പെടുത്തിയതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വി ഡി സതീശൻ വിവാദത്തെ പ്രതിരോധിച്ചത്.
വന്ദേമാതരം പൂർണമായി ആലപിക്കാൻ പാടില്ല എന്ന കോൺഗ്രസിൻ്റെ ദേശീയ നിലപാടിന് വിരുദ്ധമാണ് സർക്കാർ നിർദ്ദേശമെന്ന് മുൻ ധനകാര്യ മന്ത്രി പി രാജീവ് പറഞ്ഞു. ഒരു നേരിയ എതിർപ്പുപോലും രേഖപ്പെടുത്താതെയാണ് യു ഡി എഫ് സർക്കാർ ഈ തീരുമാനം ശിരസാ വഹിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിൽ നിന്ന് ഒരു കത്തുവരാൻ കാത്തുനിൽക്കുകയായിരുന്നു കേരള മുഖ്യമന്ത്രി. ഉടൻ സർക്കാർ തീരുമാനമെടുത്ത് ചീഫ് സെക്രട്ടറി ഉത്തരവുമിറക്കി. കേന്ദ്രസർക്കാർ പറയുന്നപോലെ ഭരിക്കാനാണെങ്കിൽ ചീഫ് സെക്രട്ടറി മതിയല്ലോ, മുഖ്യമന്ത്രിയും മന്ത്രിമാരും ആ കസേരയിൽ ഇരിക്കേണ്ട ആവശ്യമുണ്ടോ? വന്ദേമാതരത്തിൻ്റെ കാര്യത്തിൽ കോൺഗ്രസ് നിലപാടിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ വ്യക്തമാക്കണം. കോൺഗ്രസിന്റെ നയം മാറിയിട്ടില്ലെങ്കിൽ വി ഡി സതീശൻ ഇപ്പോൾ ഏത് പാർട്ടിയിലാണ് എന്നും പറയണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.
വന്ദേമാതര ആലാപനത്തിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സ്വന്തം നിലയ്ക്ക് തീരുമാനിച്ചതാണോ എന്ന് പരിശോധിക്കണമെന്ന് എം.കെ. മുനീർ ആവശ്യപ്പെട്ടു.
