രചനാ വൈഭവം കൊണ്ട് ദൃശ്യത്തെ വെല്ലും പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. പി.എസ്. സുബ്രഹ്മണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്ന് എഴുതിയ കയ്യൊതുക്കമുള്ള തിരക്കഥയ്ക്കൊപ്പം ഷഹദിൻ്റെ സംവിധാന മികവു കൂടി ചേർന്നപ്പോൾ മലയാളത്തിന് ലഭിച്ചത് മികച്ചൊരു കുറ്റാന്വേഷണ ചിത്രം.
പൊലീസ് വേഷത്തിൽ ലീഡ് റോളിൽ പാർവ്വതി തിരുവോത്തിൻ്റെ അഭിനന്ദനാർഹമായ പ്രകടനം. മലയാള സിനിമയിലെ മുൻ നിര ആണുങ്ങൾക്കൊപ്പം തലയുയർത്തി നിൽക്കാൻ തനിക്കാവുമെന്നതിൻ്റെ കയ്യൊപ്പ് ചാർത്തൽ. വിജയ രാഘവൻ്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ മറ്റൊരു തിളക്കമുറ്റ കഥാപാത്രമാണ് ഹാരിസ് മീരാൻ .
ഒരു പൊലീസ് സ്റ്റേഷനിൽ അബദ്ധത്തിൽ സംഭവിച്ച കസ്റ്റഡി മരണവും അത് സംബന്ധിച്ച അന്വേഷണവുമാണ് കഥ. നാല് പൊലീസുകാർ പ്രഥമ ദൃഷ്ട്യാ തന്നെ കുറ്റക്കാർ. അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള പൊലീസുകാരുടെ ശ്രമങ്ങളും അവയെ സമർത്ഥമായി പരാജയപ്പെടുത്തി മുന്നേറുന്ന അന്വേഷണ ഉദ്യോഗസ്ഥൻ്റെ പ്രാഗത്ഭ്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളിലൂടെയാണ് കഥ വികസിക്കുന്നത്.
കുടുംബ ജീവിതത്തിൽ വിവിധങ്ങളായ പ്രതിസന്ധികളിൽ വീർപ്പുമുട്ടുന്നവരാണ് കുറ്റവാളികളായ പൊലിസുകാർ. പാർവ്വതിക്ക് പുറമെ സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, മാത്യു തോമസ് എന്നിവരാണ് പ്രതികളായ മറ്റ് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവരും മികച്ച പ്രകടനം. സ്റ്റേഷൻ ചുമതലയുള്ള സി ഐ ആയി വിനയ് ഫോർട്ടും അല്പം വില്ലത്തരമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായി അസീസ് നെടുമങ്ങാടും പ്രേക്ഷക പ്രശംസ നേടുന്നു.
ഭർത്താവിൻ്റെ മരണത്തെ തുടർന്ന് ലഭിച്ച ആശ്രിത നിയമനത്തിൽ ഇഷ്ടത്തോടെ സ്വീകരിച്ച യൂണിഫോം വേഷത്തിൻ്റെ കരുത്ത് കാട്ടാവുന്ന അവസരങ്ങൾ പാർവ്വതിയുടെ അലീന എന്ന കഥാപാത്രത്തിന് ലഭിച്ചില്ല എന്നത് പരിമിതിയാണ്. നായികാ കഥാ പാത്രമായിട്ടു പോലും ശക്തമായ ഒരു സംഭാഷണമില്ല. പ്രായമായ മാതാപിതാക്കൾ, ഭിന്നശേഷിക്കാരനായ സഹോദരൻ, കൈക്കുഞ്ഞിൻ്റെ അമ്മ, സർവ്വീസിലിരിക്കെ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ്റെ വിധവ എന്നിങ്ങനെ ക്വിൻ്റൽ കണക്കിന് ജീവിത ഭാരം വഹിക്കുന്ന ഒരു വനിതാ പൊലീസ് ഓഫീസർക്ക് ഇതിൽ കൂടുതൽ ആവതില്ലല്ലോ എന്ന് പ്രേക്ഷകർക്ക് സമാധാനിക്കാം.
അതി സങ്കീർണ്ണമായ കഥാഗതിയെ ഉദ്വേഗം ചോർന്നുപോകാതെ അവസാന നിമിഷം വരെ കൊണ്ടുപോയി എന്നതാണ് ചിത്രത്തെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്ന മറ്റൊരു ഘടകം. പൊലീസുകാരുടെ വ്യക്തി ജീവിതത്തിലേയും ഔദ്യോഗിക ജീവിതത്തിലേയും സംഘർഷങ്ങൾ സൂക്ഷ്മ ഭാവത്തിൽ ഒപ്പിയെടുത്ത ചിത്രമെന്ന നിലയിൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ വേറിട്ട് നിൽക്കും. കേസ് അന്വേഷണത്തിലെ സാങ്കേതികതകൾ കൃത്രിമത്വം തോന്നിക്കാതെ സൃഷ്ടിച്ചെടുക്കുന്നതിന് ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തുക്കളും നടത്തിയ ഗൃഹപാഠത്തിന് കയ്യടിക്കുന്നു. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.
