ചലച്ചിത്ര നിരൂപകരെ പരിഹസിച്ച് ജോയ് മാത്യു. ജോൺ അബ്രഹാമിൻ്റെ അമ്മ അറിയാൻ എന്ന സിനിമ കാൻ ഫെസ്റ്റിവലിൽ ആദരവോടെ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിലെ നായകനായ ജോയ് മാത്യു കാനിലെ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. ഇതിൽ ചിലർക്ക് അസൂയയുണ്ടായി എന്ന നിലയിലാണ് ജോയ് മാത്യുവിൻ്റെ കുറിപ്പ്. ജോൺ അബ്രഹാം ജോയ് മാത്യുവിനോട് സംസാരിക്കുന്ന രീതിയിലാണ് കുറിപ്പ്.
രാത്രി നല്ല മഴയായിരുന്നു.
കോളിങ് ബെൽ അടിക്കാതെ
കതകിൽ മുട്ടാതെ
ഒരു നിഴൽ അകത്തുവന്നു
ഗന്ധം കൊണ്ട് ഞാൻ ആളെ തിരിച്ചറിഞ്ഞു ;ജോൺ !
എങ്ങിനെ അകത്തുവന്നു എന്നൊന്നും എനിക്ക് സന്ദേഹിക്കേണ്ടിവന്നില്ല
ജോൺ എവിടെയും എപ്പോഴുമുണ്ടല്ലോ !
ഒരു ബീഡിയെടുത്ത് കത്തിച്ചു പുകവിട്ടു
മറ്റൊരു ബീഡി ജോൺ എനിക്ക് നീട്ടി,
കൂടെ സ്വന്തം ബീഡിയിലെ അഗ്നിയും .
പിന്നെ ചോദിച്ചു
“കാനിലെ ചുവന്ന പരവതാനിയിൽ ഞാനുമുണ്ടായിരുന്നു “
ഞാൻ പറഞ്ഞു
“എനിക്ക് മണം കിട്ടി “
ജോൺ ചിരിച്ചു പിന്നെ ബീഡി ആഞ്ഞുവലിച്ചു.
“തന്നോട് അസൂയ മൂത്ത കുറെ മറ്റവന്മാര് ഇറങ്ങിയിട്ടുണ്ടല്ലോ .
നമ്മൾ ‘അമ്മ അറിയാൻ ‘സിനിമ ഉണ്ടാക്കിയപ്പോൾ പരിഹസിച്ച ,കുറെ കാലഹരണപ്പെട്ട നിരൂപകന്മാരും വ്യാജ ബുജികളും ഇപ്പൊ നമ്മുടെ സിനിമ മഹത്തരം എന്ന് പറഞ്ഞു സഞ്ചിയും തൂക്കി ഇറങ്ങിയെന്ന് കേട്ടു “
ഞാൻ ചിരിച്ചു
“അവന്മാരുടെ ചന്തിക്ക് ഒരു പെട കൊടുത്താലോ ?അല്ലെങ്കി വേണ്ട
ഒന്ന് പേടിപ്പിച്ചു വിടാം .അല്ലേ “
“ജോൺ പോകണമെന്നില്ല ഒന്ന് ഉറക്കെ കൂവിയാൽ മതി ;അവന്മാര് മുള്ളും .ഇന്നേവരെ പോലീസ് സ്റ്റേഷനിൽ പോലും കയറാത്ത ടീംസാണ് .”
“എന്നാലും ഒരു ചെറിയ പേടി അവന്മാർക്ക് നല്ലതാ “
ജോൺ വന്നത് പോലെ തിരിച്ചുപോയി .
ജോണിന്റെ കൂവൽ കേൾക്കാൻ
കാതോർത്ത് കിടക്കുകയാണ് ഞാൻ.
