തിരുവനന്തപുരം: ചേന്തി ഗുരു മന്ദിരത്തിലെ ചതയദിന സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കാതെ പ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രിയുമായി സംസാരിക്കാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബര കുറുപ്പിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ തട്ടി മാറ്റി.
ദിവസങ്ങൾ മുമ്പ് തന്നെ ചേന്തിയിലെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഭാരവാഹികൾ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നതാണ്. പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നതായും ഡി സി സി അംഗം കൂടിയായ എസ് എൻ ഡി പി യോഗം ഭാരവാഹി ചേന്തി അനിൽ പറഞ്ഞു. എന്നാൽ അവസാന നിമിഷം പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ചേന്തിയിലെ സാംസ്കാരിക സമ്മേളന പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളിൽ ഇല്ലെന്ന് പൊലീസ് ഭാരവാഹികളെ അറിയിച്ചു.
മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സ്ത്രീകൾ ഉൾപ്പെടെ കാത്തുനിൽക്കുകയായിരുന്നു. ചെമ്പഴത്തിയിലെ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി അതുവഴി കടന്നു വന്നപ്പോൾ പ്രവർത്തകർ കാറിന് മുന്നിലേക്ക് തടിച്ചുകൂടി. പീതാംബരക്കുറുപ്പ് മുഖ്യമന്ത്രിയുമായി സംസാരിക്കാൻ കാറിനടുത്തേക്ക് എത്തിയപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അദ്ദേഹത്തെ തള്ളി മാറ്റുകയായിരുന്നു. കാറിനടുത്ത് പ്രവർത്തകർ തടിച്ചു കൂടിയപ്പോൾ മുഖ്യമന്ത്രി കാറിൽ നിന്ന് ഇറങ്ങി പ്രവർത്തകരോട് കയർത്ത് സംസാരിച്ചതായും പരാതിയുണ്ട്. മുഖ്യമന്ത്രിയെ തടഞ്ഞതിന് ചേന്തി അനിൽ ഉൾപ്പെടെയുളളവരുടെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

