ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് പുത്തൻ വീട്ടിൽ ശിവരാമ കുറുപ്പിന്റെ മകനാണ് ഗോപാലകൃഷ്ണക്കുറുപ്പ് എന്ന സുകുമാരകുറുപ്പ്. കുറ്റ വാസന അയാളിൽ ചെറുപ്പകാലത്തേ ഉണ്ട്.
പ്രീഡിഗ്രി തോറ്റ ശേഷം നാട്ടിൽ പലവിധജോലികൾ ചെയ്തുവരുന്നതിനിടെ കുറുപ്പ് വ്യോമസേനയിൽ ചേർന്നു. പക്ഷെ, സൈനിക ജീവിതവുമായി ഒത്തുപോകാനാകാതെ ജോലി ഉപേക്ഷിച്ച് നാട്ടിൽ മടങ്ങിയെത്തി. താൻ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂർ പോലീസിനെ കൈക്കൂലി കൊടുത്ത് മടക്കി. പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്സ്പോർട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടന്നു. അബുദാബിയിൽ ഒരു പെട്രോൾ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി സമ്പാദിച്ചു. ഭാര്യക്ക് അബുദാബിയിൽ നേഴ്സായി ജോലിയും തരപ്പെടുത്തി.
അങ്ങനെയിരിക്കെ, അയാളിലെ ക്രിമിനൽ ബുദ്ധി വീണ്ടുമുണർന്നു. ഏകദേശം 30 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തു. സ്വന്തം മരണം നടന്നതായി കാട്ടി ആ തുക ഭാര്യക്ക് ലഭ്യമാക്കുകയായിരുന്നു പദ്ധതി.
നാട്ടിലെത്തിയ കുറപ്പ് , ഭാര്യയുടെ സഹോദരൻ ഭാസ്കരപ്പിള്ള, ഡ്രൈവർ പൊന്നപ്പൻ, അബുദാബി കമ്പനിയിലെ പ്യൂൺ എന്നിവരേയും കൂട്ടി സ്വന്തം ശരീരവുമായി സാമ്യമുള്ള ഒരു മൃതദേഹം കണ്ടെത്താനായി ശ്രമം തുടങ്ങി. 1984 ജനുവരി 21 ന് രാത്രി രണ്ടു കാറുകളിലായി അവർ നാടെങ്ങും പരതി. മൃതദേഹം കിട്ടാൻ വഴിയില്ലെന്നായപ്പോൾ തന്നോട് സാമ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്തുക എന്ന പദ്ധതിയിലേക്ക് സുകുമാരക്കുറുപ്പ് മനസ്സുറപ്പിച്ചു.
രാത്രി തിരച്ചിൽ തുടരവെ , കരുവാറ്റ എന്ന സ്ഥലത്തുവച്ച് വീട്ടിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കുകയായിരുന്ന ഒരാൾ കാറിന് കൈ കാണിച്ചു . അയാളെ കാറിൽ കയറ്റി. ഫിലിം റെപ്രസൻ്റേറ്റീവ് ചാക്കോ ആയിരുന്നു അത്. ചാക്കോയ്ക്ക് കുറുപ്പിനോട് സാമ്യമുണ്ടെന്ന് അവർ സ്ഥിരീകരിച്ചു. വഴിയിൽ വച്ച് പ്രതികൾ മയക്കുമരുന്ന് കലർത്തിയ മദ്യം നൽകി ശ്വാസംമുട്ടിച്ച് ചാക്കോയെ കൊലപ്പെടുത്തി.
മൃതദേഹത്തിന് സുകുമാരക്കുറുപ്പിൻ്റെ ഷർട്ടും ലുങ്കിയും ധരിപ്പിച്ചു. ഒരു നെൽവയൽ പ്രദേശത്ത് എത്തിച്ച ശേഷം സുകുമാരക്കുറുപ്പിൻ്റെ കാറിൻ്റെ ഡ്രൈവർ സീറ്റിൽ മൃതദേഹം ഇരുത്തി കാറിന് തീയിട്ടു. കാറപകടത്തിൽപ്പെട്ട് സുകുമാരക്കുറുപ്പ് കാറിനുള്ളിൽ വെന്തുമരിച്ചുവെന്ന് നാട്ടുകാർ കരുതുമെന്നായിരുന്നു ക്രിമിനൽ സംഘം കണക്കുകൂട്ടിയത്.
എന്നാൽ, ഇതിനിടയിൽ ഒരു അബദ്ധം സംഭവിച്ചു, കാർ കത്തിക്കുന്നതിനിടെ ഭാസ്കരപ്പിള്ളയ്ക്ക് പൊള്ളലേറ്റു. ഗ്ലൗസുകളും മറ്റ് തെളിവുകളും അവിടെ ഉപേക്ഷിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്.
ജനുവരി 22 ന് പുലർച്ചെ ഏകദേശം 5 മണിയോടെ വയലിൽ കാർ കത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ പൂർണമായി കത്തിയ അംബാസഡർ കാറും അതിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹവും കണ്ടെത്തി. നാട്ടുകാർ പറഞ്ഞത് കാർ സുകുമാരക്കുറുപ്പിന്റേതാണെന്നായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ഗ്ലൗസും പെട്രോൾ കാനും തെളിവായി ലഭിച്ചു. കുറുപ്പിന്റെ ബന്ധുക്കളുടെ പ്രതികരണങ്ങളിലും പൊലീസിന് അസ്വാഭാവികത തോന്നി. ഭാസ്കരപിള്ളയേയും പൊന്നപ്പനെയും സുകുമാരക്കുറുപ്പിൻ്റെ പ്യൂണിനേയും പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ പ്യൂൺ മാപ്പുസാക്ഷിയായി കേസിൽ പ്രോസിക്യൂഷനെ സഹായിച്ചു.
ഇതിനിടയിലാണ് ചാക്കോയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് കാറിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനകൾ നടത്തി.1984 ഫെബ്രുവരി 1-ന് നടത്തിയ റീപോസ്റ്റ്മോർട്ടത്തിലും തലയോട്ടി സൂപ്പർഇംപോസിഷൻ പരിശോധനയിലും മൃതദേഹം ചാക്കോയുടേതാണെന്ന് സ്ഥിരീകരിക്കാൻ സഹായിക്കുന്ന തെളിവുകൾ ലഭിച്ചു.
കുറുപ്പിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. എന്നാൽ അപ്പോഴേക്കും കുറുപ്പ് ഒളിവിൽ പോയിരുന്നു. ഒരു ലോഡ്ജ് ഉടമ കുറുപ്പിനെ തിരിച്ചറിഞ്ഞെങ്കിലും പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് അയാൾ അവിടെനിന്ന് സ്ഥലം വിട്ടു.
കേസിൽ ഭാസ്കരപ്പിള്ളയേയും പൊന്നപ്പനേയും കോടതി കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇരുവരും ഇതിനകം ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി. പൊന്നപ്പൻ പിന്നീട് ആത്മഹത്യ ചെയ്തു.
സുകുമാരക്കുറുപ്പ് ഒളിവിൽ പോയിട്ട് 37 വർഷമായി. അയാൾ ബ്രൂണെയിൽ ഒളിവിൽ കഴിയുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. സംഗതി സത്യമെങ്കിൽ, കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാ പുള്ളിയിയിലേക്കുള്ള വഴി തുറന്നിരിക്കുകയാണ്.

