ചേമഞ്ചേരി: മലയാള നാടകചരിത്രത്തിലെ പ്രധാനപ്പെട്ട സാമൂഹിക-രാഷ്ട്രീയ സൃഷ്ടികളിൽ ഒന്നായ പാട്ടബാക്കി വീണ്ടും അരങ്ങിലെത്തുന്നു. പൂക്കാട് കലാലയം അൻപത്തിരണ്ടാം വാർഷികാഘോഷമായ ആവണി പ്പൂവരങ്ങിലാണ് പാട്ടബാക്കി അവതരിപ്പിക്കുന്നത്.
കെ. ദാമോദരൻ രചിച്ച പാട്ടബാക്കി ഒരു കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന കർഷക-തൊഴിലാളി ജീവിതത്തിന്റെ ദുരിതങ്ങളും ജന്മിത്ത വ്യവസ്ഥയുടെ ചൂഷണവും ശക്തമായി അവതരിപ്പിച്ച നാടകമാണ്. 1930-കളിലെ കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളാണ് നാടകത്തിന്റെ പശ്ചാത്തലം.
‘പാട്ടം’ അടയ്ക്കാൻ കഴിയാതെ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളാണ് നാടകത്തിന്റെ മുഖ്യ പ്രമേയം. ജന്മിമാരുടെ അധികാരവും പാട്ടപ്പിരിവും കുടിയൊഴിപ്പിക്കലും ദാരിദ്ര്യവും കർഷകജീവിതത്തിലെ അരക്ഷിതാവസ്ഥയും നാടകത്തിൽ പ്രത്യക്ഷമാകുന്നു. ചൂഷണത്തിനെതിരെ സാധാരണ ജനങ്ങളിൽ വളരുന്ന പ്രതിഷേധവും സംഘടിതമായ ചെറുത്തുനിൽപ്പുമാണ് നാടകത്തിന്റെ സവിശേഷത. കേരളത്തിലെ കർഷക-തൊഴിലാളി പ്രസ്ഥാനങ്ങൾക്കും പുരോഗമന രാഷ്ട്രീയ ആശയങ്ങൾക്കും വലിയ സ്വാധീനം ചെലുത്തിയ കൃതിയാണ് പാട്ടബാക്കി.
പൂക്കാട് കലാലയത്തിലെ നാടകക്കൂട്ടം അവതരിപ്പിക്കുന്ന ഈ നാടകത്തിന്റെ സംവിധാനം നിർവഹിക്കുന്നത് പ്രശസ്ത സംവിധായകൻ എം. കെ. സുരേഷ്ബാബുവാണ് . രവി കാപ്പാട്, സതേഷ്, സുബേഷ്പദ്മനാഭൻ രമേഷ് കരിയാരി , വിനോദ് കുമാർ , ഉണ്ണി കുന്നോൽ, ബേബി ബാബു, ഉണ്ണികൃഷ്ണൻ പി.കെ , ഉദയൻ , സനേഷ്, ഉജ്വൽ , മാളവിക , ശ്രീജ.കെ പൗർണമി, രാജശ്രീ കെ ബി, അനുപ്രഭ , ഷജിത, നിഷിദ മുതലായവർ വേഷമിടും. കാശി പൂക്കാട് ദീപവിതാനവും, പി .പി ഹരിദാസൻ ശബ്ദനിയന്ത്രണവും നിർവ്വഹിക്കും. ‘പാട്ടബാക്കി’ യെ പുതിയ കാലത്തെ നാടക സങ്കേതങ്ങളുമായി ചേർത്താണ് രംഗാവതരണമൊരുക്കുന്നത്. ആവണിപ്പുവരങ്ങിന്റെ ഭാഗമായ നാടകോത്സവത്തിൽ ആഗസ്റ്റ് 30 ന് ആണ് പാട്ടബാക്കി ആരെങ്ങിലെത്തുന്നത്.
