കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആൻഡ് റീഡിങ് റൂം സ്ഥാപകാംഗവും, കലാസാംസ്കാരിക – സാമൂഹ്യ സേവന രംഗങ്ങളിലെ സജീവ പ്രവർത്തകനുമായിരുന്ന ഇ കെ ഗോവിന്ദൻ മാസ്റ്ററുടെ പേരിലുള്ള മൂന്നാമത് ഇ കെ ജി പുരസ്കാരത്തിന് കലാകാരനും അധ്യാപകനും പൂക്കാട് കലാലയത്തിന്റെ മുഖ്യ സാരഥിയുമായ യു കെ രാഘവൻ മാസ്റ്റർ അർഹനായതായി ജൂറി ചെയർമാൻ കെ ടി രാധാകൃഷ്ണൻ മാസ്റ്റർ അറിയിച്ചു.
പൊയിൽക്കാവ് യു പി സ്കൂൾ റിട്ട. പ്രഥമാധ്യാപകനും മികച്ച സംഘാടകനുമായിരുന്ന ഇ കെ ഗോവിന്ദൻ മാസ്റ്ററുടെ കുടുംബം ഏർപ്പെടുത്തിയതാണ് ഇ കെ ജി പുരസ്കാരം.

പുരസ്കാര ജേതാവായ യു കെ രാഘവൻ മാസ്റ്റർ സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും രംഗ കലകളുടെയും മേഖലകളിൽ ബഹുമുഖ പ്രതിഭ തെളിയിച്ച കലാകാരനും സംഘാടകനുമാണ്. എടക്കുളം വിദ്യാതരംഗിണി സ്കൂളിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം തലമുറകളുടെ അധ്യാപകനും വഴികാട്ടിയുമാണ്. കുട്ടികൾക്കായി പാട്ടുകളും കവിതകളും രചിക്കുകയും മനോഹരമായി ആലപിക്കുകയും ചെയ്യുന്ന അദ്ദേഹത്തിൻ്റെ നിരവധി ലളിതഗാനങ്ങൾ സ്കൂൾ കലോത്സവേദികളിലും ആകാശവാണിയിലും ആലപിക്കപ്പെട്ടു. പൂക്കാട് കലാലയത്തിന്റെ നൃത്താവിഷ്കാരങ്ങൾക്കും നാടകങ്ങൾക്കുമായി തയ്യാറാക്കിയ ഒട്ടേറെ അവതരണഗാനങ്ങളും സ്വാഗത ഗീതങ്ങളും ഉണർത്തുപാട്ടുകളും അദ്ദേഹത്തിന്റെതായുണ്ട്.
ചിത്രകാരനും കലാധ്യാപകനും ചമയം കലാകാരനുമായ യു കെ രാഘവൻ മാസ്റ്റർ പൂക്കാട് കലാലയത്തിന്റെ ആരംഭകാലം മുതലുള്ള വിവിധ രംഗാവിഷ്കാരങ്ങൾക്കും നാടകത്തിനും ചമയം, രംഗപടം, കർട്ടൻ എന്നിവ ഒരുക്കുന്നതിൽ കരവിരുത് തെളിയിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന പൂക്കാട്ടിലെ അഭയം സ്പെഷ്യൽ സ്കൂളിൽ സൗജന്യമായി ചിത്ര പരിശീലനം നൽകുന്നുണ്ട്.
2010ൽ പൂക്കാട് കലാലയം അവതരിപ്പിച്ച ‘നെല്ല് ‘ നാടകത്തിലൂടെ മികച്ച ചമയത്തിനും വേഷവിധാനത്തിനുമുള കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. ചിത്രകലാരംഗത്തെ സേവനങ്ങൾക്കുള്ള 2018 ലെ ‘കെ ജി ഹർഷൻ സ്മാരക അവാർഡ്’ , 2022 ൽ പെൻഷനേഴ്സ് യൂണിയൻ ‘നമിതം: പുരസ്കാരവും എന്നിവയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് 16ന് ഞായറാഴ്ച വൈകിട്ട് 4 ന് ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ബഹുമാനപ്പെട്ട കൊയിലാണ്ടി എംഎൽഎ അഡ്വ. കെ പ്രവീൺകുമാർ പുരസ്കാരം സമ്മാനിക്കും. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തസ്ലീന നാസർ അധ്യക്ഷത വഹിക്കും. ‘ജനാധിപത്യം പ്രതിസന്ധിയും പ്രതീക്ഷകളും’ എന്ന വിഷയത്തിൽ ഈ വർഷത്തെ സ്മാരക പ്രഭാഷണം കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാള വിഭാഗം പ്രൊഫസർ എം സി അബ്ദുൽ നാസർ നിർവഹിക്കും. തുടർന്ന് മഞ്ഞണി പൂനിലാവിൽ എന്ന പേരിൽ എസ് ജാനകിയുടെ ഗാനങ്ങളുടെ ആലാപനം നടക്കും.
വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ കെ ടി രാധാകൃഷ്ണൻ, അംഗം സി ഭവാനി ടീച്ചർ, സൈമ പ്രസിഡൻ്റ് ഇ കെ ബാലൻ, രാഖേഷ് പുല്ലാട്ട്, എ സുരേഷ് എന്നിവർ പങ്കെടുത്തു
