കാസർകോട്: ആരോഗ്യ മേഖലയെ കുറ്റപ്പെടുത്തി പ്രതിപക്ഷം സംസ്ഥാന സർക്കാറിനെതിരെ സമരം തുടരുമ്പോൾ കേരളം ആരോഗ്യ മേഖലയിൽ മാതൃകയെന്ന് പുകഴ്ത്തി കർണ്ണാടക ആരോഗ്യ മന്ത്രി.
കാസർകോട് നടന്ന ഒരു ചടങ്ങിലാണ് കർണ്ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു കേരളത്തിലെ ആരോഗ്യ മേഖലയെ പ്രശംസിച്ചത്. ആയുർ ദൈർഘ്യത്തിലും കുഞ്ഞുങ്ങളുടെ കുറഞ്ഞ മരണ നിരക്കിലും ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതയിലും കേരളം രാജ്യത്ത് ഒന്നാമതാണ്.
ആരോഗ്യ രംഗത്ത് താൻ ഇന്ത്യയോടല്ല, കേരളത്തോടാണ് കർണ്ണാടകയെ തുലനം ചെയ്യാറുള്ളതെന്നും അത്രയധികം ഉന്നത നിലവാരമാണ് കേരളത്തിലെ ആരോഗ്യ രംഗത്തിനെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ നിശിതമായി വിമർശിക്കുന്ന പ്രതിപക്ഷത്തിന് ഇത് കനത്ത തിരിച്ചടിയായിരിക്കയാണ്. മുൻ കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ കൂടിയാണ് ദിനേശ് ഗുണ്ടു റാവു.
ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ സംഘടിപ്പിച്ച ചടങ്ങിൽ കർണ്ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു. കർണ്ണാടക മന്ത്രിമാരുടെ തുടർച്ചയായുള്ള പ്രശംസാ വാക്കുകൾ പ്രതിപക്ഷത്തിന് കനത്ത ആഘാതമായിരിക്കയാണ്.
