കോഴിക്കോട് : രാവണപ്രഭു ഫോർ കെ പതിപ്പിൻ്റെ പോസ്റ്ററിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഉൾപ്പെടുത്താതിരുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഗാന രചയിതാവ് മനു മഞ്ജിത്. മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗാനരചയിതാവിനോടുള്ള നന്ദികേടാണിതെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെ ജന്മനാടിനോട് ചേർന്ന പ്രദേശത്തുകാരനാണ് മനു മഞ്ജിത്.
ഗിരീഷ് പുത്തഞ്ചേരി മരിച്ചുപോയിട്ടേയുള്ളൂ , മാഞ്ഞു പോയിട്ടില്ല, പോവുകയുമില്ല എന്ന് അദ്ദേഹം കുറിച്ചു.
സോഷ്യൽ മീഡിയ കുറിപ്പ് ചുവടെ:
‘പുതിയ 4K പതിപ്പിൻ്റെ പോസ്റ്ററിലേക്ക് പഴയ പേരുകൾ പകർത്തി എഴുതുമ്പോൾ അതിൽ “ഗിരീഷ് പുത്തഞ്ചേരി” എന്നൊരു പേര് ഒഴിവാക്കിക്കളയാനുള്ള ‘ധൈര്യം’ തോന്നിയത് ആർക്കാണെന്നറിയില്ല.
ഇപ്പോഴും തിയേറ്ററിൽ കേൾക്കുന്ന ആ കടലിരമ്പം ഉറഞ്ഞാടുമ്പോൾ ഉരുവിടുന്നത് “കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്….”, “മഴക്കാറ് മായം കാട്ടും രാവാണേ” എന്നും…
ഉള്ളു വിങ്ങുന്നത് “തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും ഒരു രുദ്രതാളമായ് ചേർന്നിരുന്നു..” എന്നും…
“വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ വാനിലുയരു”മ്പോൾ അതിനൊത്ത് പ്രണയിച്ചുമാണ്.
അതൊക്കെ സമ്മാനിച്ച പ്രതിഭാസം മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല. പോവില്ല.
ചില ഓർമ്മക്കുറവുകൾക്ക് പേര് ‘മറവി’ എന്നല്ല.
‘നന്ദികേട്’ എന്നാണ്….!!!!
