കോഴിക്കോട് : ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ നിര്‍മിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റിന് (അവയവമാറ്റ ആശുപത്രി) രാവിലെ 11.30ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷയാകും.
ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതെന്നും ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും ആശുപത്രിയാണിതെന്നും തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ പറഞ്ഞു. ട്രാന്‍സ്പ്ലാന്റേഷന്റെ ചെലവ് മൂന്നിലൊന്നായി കുറക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കോർണിയ തുടങ്ങി സങ്കീർണ്ണമായ എല്ലാ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും ഇവിടെ ഒരൊറ്റ കുടക്കീഴിൽ സാധ്യമാവും. പ്രതിവർഷം ആയിരക്കണക്കിന് മനുഷ്യർക്ക് പുതുജീവൻ നൽകാൻ സാധിക്കുന്ന ഈ കേന്ദ്രം കിഫ്ബി ധനസഹായത്തോടെ 525 കോടി രൂപ ചിലവഴിച്ചാണ് എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കുന്നത്.
