സൗമ്യത, ലാളിത്യം. ഇതു രണ്ടുമായിരുന്നു രമേശൻ പാലേരിയുടെ മുഖമുദ്ര. ലോകം അംഗീകരിച്ച ഒരു പ്രസ്ഥാനത്തിൻ്റെ സാരഥി എന്ന നിലയിൽ എടുത്തണിയാൻ ആടയാഭരണങ്ങൾ ഏറെയുണ്ടായിട്ടും ആൾക്കൂട്ടത്തിൽ വശ്യമായ ചെറു പുഞ്ചിരിയോടെ അദ്ദേഹം ഒതുങ്ങി നിന്നു. കടുത്ത മത്സരമുള്ള കരാർ മേഖലയിൽ തൻ്റെ സ്ഥാപനത്തെ തലയെടുപ്പോടെ ഉയർത്തി നിർത്താൻ അദ്ദേഹം സ്വയം വിനയാന്വിതനായി. മാറി മാറി വന്ന സർക്കാറുകൾക്ക് കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രിയപ്പെട്ടവനായി.
ഗുണമേന്മയും സമയനിഷ്ഠയും സാങ്കേതിക മികവും ഉറപ്പുവരുത്തിക്കൊണ്ട് യു എൽ സി സി എസിനെ ഏഷ്യയിലെ മികച്ച സഹകരണ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റാൻ അദ്ദേഹം നൽകിയ സംഭാവന ജീവിതം തന്നെയായിരുന്നു. പഞ്ചായത്ത് റോഡുകളും കലുങ്കുകളും നിർമ്മിച്ച് വടകരയിൽ തുടങ്ങിയ സഹകരണ സംഘത്തെ നവീനതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും പാതയിലേക്ക് നയിച്ച്, ഏവരും കരാർ പ്രവൃത്തികൾക്ക് ആദ്യം പരിഗണിക്കുന്ന മികവുറ്റ സ്ഥാപനമാക്കി വളർത്തിയെടുത്തത് രമേശൻ പാലേരിയുടെ സത്യസന്ധതയും ദീർഘവീക്ഷണവുമായിരുന്നു.
സഹകരണം വെറും സാമ്പത്തിക പ്രവർത്തനമല്ല, സാമൂഹിക വികസനത്തിനുള്ള ശക്തമായ ഉപാധിയാണെന്ന വിശ്വാസത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. തൊഴിലാളികളെ ചേർത്തുനിർത്തിയാൽ അതിൻ്റെ ഗുണം സ്ഥാപനത്തിനുണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട്. സ്വകാര്യ സ്ഥാപനങ്ങൾ മനസ്സിലാക്കേണ്ട കാര്യമാണിതെന്ന് രമേശൻ പാലേരി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ചൂണ്ടിക്കാട്ടി സ്വകാര്യ സംരംഭകരെ ഓർമ്മിപ്പിച്ചു.
തൊഴിലാളികളുടെ ക്ഷേമം, തൊഴിൽസുരക്ഷ, നൈപുണ്യ വികസനം എന്നിവയിൽ അദ്ദേഹം വ്യക്തിപരമായ ശ്രദ്ധ പുലർത്തി. സഹപ്രവർത്തകരോടും തൊഴിലാളികളോടും പുലർത്തിയ ആത്മബന്ധവും ജനകീയ സമീപനവും അദ്ദേഹത്തെ സ്ഥാപന മേധാവികളിൽ വ്യത്യസ്തനാക്കി.

വാഗ്ഭടാനന്ദ ഗുരുവിൻ്റെ അനുയായിയായ പാലേരി കണാരൻ മാസ്റ്ററാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ തുടക്കക്കാരൻ. ഗൾഫ് ജോലിക്കായി മുംബൈയിൽ എത്തിയ രമേശൻ വിസ തട്ടിപ്പിനെ തുടർന്ന് അവിടെ കഴിയവെ പിതാവിൻ്റെ മരണത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. പിന്നീട് അച്ഛൻ തുടങ്ങി വെച്ച സ്ഥാപനത്തിൻ്റെ സാരഥ്യം ഏറ്റെടുത്തു.
മൂന്നര പതിറ്റാണ്ടു നീണ്ട ജൈത്രയാത്രയിൽ ഊരാളുങ്കൽ സൊസൈറ്റിയെ മികവിലേക്കും വൈവിധ്യങ്ങളിലേക്കും നയിച്ചു. വാഗ്ഭടാനന്ദ ദർശനങ്ങളാൽ പ്രചോദിതമായി രൂപം കൊണ്ട കൂലി വേലക്കാരുടെ സഹകരണ സംഘത്തെ ആദർശ ശുദ്ധിയോടെ, പുതിയ കാലം ആവശ്യപ്പെടുന്ന രീതിയിൽ വളർത്തിയെടുക്കുകയായിരുന്നു അദ്ദേഹം. കാലം മാറവെ, തൊഴിൽ തേടിയെത്തുന്ന യുവാക്കളിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസമുള്ളവരായതിനാൽ അവരെ നിർമ്മാണ മേഖലയിൽ തളച്ചിടാതെ അവർക്കായി അനുയോജ്യമായ തൊഴിൽ മേഖല അദ്ദേഹം വികസിപ്പിച്ചെടുത്തു. നിർമ്മാണ രംഗത്ത് നിന്ന് ഐടി സെക്ടറിലേക്കുള്ള യു എൽ സി സി എസിൻ്റെ പ്രവർത്തന വ്യാപനം ഈ കാഴ്ചപ്പാടിൽ നിന്നായിരുന്നു.
ചെയർമാൻ വളർത്തിയെടുത്ത വിശ്വാസ്യത തന്നെയായിരുന്നു യു എൽ സി സി എസിൻ്റെ മൂലധനം. പുതിയ കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ നിർമ്മിതിയിൽ ചരിത്രത്തിന് അവഗണിക്കാനാവാത്ത പേരാണ് രമേശൻ പാലേരി.
