കോഴിക്കോട് : ഭരണ തലത്തിലും ഭരണപക്ഷ സംഘടനാ നേതാക്കളിൽ നിന്നുമുള്ള കടുത്ത സമ്മർദ്ദത്തിൽ ആശങ്കയിലായി സംസ്ഥാന സർക്കാർ സർവ്വീസിലെ ജീവനക്കാർ. ഭരണം മാറിയതോടെ ജീവനക്കാരോട് മൊത്തത്തിൽ പ്രതികാര മനോഭാവത്തോടെയാണ് സർക്കാറും ഭരണപക്ഷ സംഘടനകളും ഇടപെടുന്നതെന്നാണ് ജീവനക്കാർ അഭിപ്രായപ്പെടുന്നത്. സ്ഥലം മാറ്റ ഭീഷണിയുയർത്തി ജീവനക്കാരിൽ ജോലി സമ്മർദ്ദം ചെലുത്തുന്നതായി അവർ ആരോപിക്കുന്നു. ഇത്തരം സംഘടനാ നേതാക്കൾക്ക് ആവേശം പകരുന്നതാണ്, സ്ഥലം മാറ്റമൊക്കെയുണ്ടാവും എന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രസംഗമെന്നും ഇടതുപക്ഷ സർവ്വീസ് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഭരണമാറ്റത്തെ തുടർന്ന് ഭരണപക്ഷ സംഘടനകൾ ഇടപെട്ട് നടത്തിയ സെക്ഷൻ മാറ്റത്തെ തുടർന്നുള്ള മാനസിക സംഘർഷത്താലാണ് കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ആശാലത ജീവനൊടുക്കിയതെന്ന് ആരോപണമുണ്ട്. പൊതു സേവനത്തിലും സാംസ്കാരിക രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവെച്ച ജീവനക്കാരിയാണ് ആശാലതയെന്ന് സഹ പ്രവർത്തകർ പറയുന്നു.

കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം സീനിയർ ഡോക്ടർ കെ. വി. രാധാമണിക്ക് കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായി. എൻജിഒ അസോസിയേഷൻ നേതാക്കൾ ഡ്യൂട്ടിക്കിടയിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നായിരുന്നു സംഭവം.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തയ്യാറാക്കിയ ചട്ടവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പിടാൻ തയ്യാറാകാത്തതിൻ്റെ വൈരാഗ്യത്തിലാണ് രോഗികളുടെ മുന്നിൽവെച്ച് വനിതാ ഡോക്ടറെ അധിക്ഷേപിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടൂരിലെ ‘വിവാദ വാഹന പരിശോധന ‘നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്ത നടപടിയിൽ വകുപ്പിൽ കടുത്ത പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വാഹനത്തിന് പിഴയിട്ടു എന്നായിരുന്നു ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണം. എന്നാൽ പ്രളയം ബാധിക്കാത്ത അടൂരിൽ വച്ചാണ് നിയമ ലംഘനം നടത്തിയ വാഹനത്തിനെതിരായി പിഴ ചുമത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മ വീര്യം കെടുത്തുന്ന നടപടിയാണിതെന്ന് മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പറഞ്ഞ പ്രകാരം മന്ത്രി സി പി ജോണിൻ്റെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷൻ നടപടിയുണ്ടായതെന്നാണ് ആരോപണം.
