കോഴിക്കോട് : സ്വതന്ത്ര സമര സേനാനിയും പ്രമുഖ വ്യവസായിയുമായിരുന്ന പി വി സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി. വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദിന് സമ്മാനിക്കുമെന്ന് പി വി സാമി മെമ്മോറിയൽ മാനേജിംഗ് ട്രസ്റ്റി പി വി ചന്ദ്രൻ അറിയിച്ചു.
പി വി സാമിയെ പോലെ തന്നെ കോഴിക്കോട് നിന്ന് വളരെ ചെറിയ രീതിയിൽ ബിസിനസ് ആരംഭിച്ച എംപി അഹമ്മദ് കഠിനാധ്വാനത്തിലൂടെയും ഭാവനാ പൂർണ്ണമായും തൻ്റെ മേഖലയെ വളർത്തിയാണ് വിജയങ്ങൾ നേടിയത്. 14 രാജ്യങ്ങളിൽ ഇന്ന് മലബാർ ഗ്രൂപ്പിൻ്റെ സ്വർണ്ണത്തിളക്കമുണ്ട്. സ്വർണ്ണ വ്യാപാരത്തിനു പുറമേ റിയൽ എസ്റ്റേറ്റ് മേഖലയിലും തിളങ്ങുന്ന പേരാണ് മലബാർ ഡെവലപ്പേഴ്സ്.
മുപ്പതിനായിരം പേർക്ക് മലബാർ ഗ്രൂപ്പ് തൊഴിൽ നൽകുന്നു. ലാഭവിഹിതത്തിന്റെ അഞ്ചുശതമാനം ദാരിദ്ര്യ നിർമ്മാർജ്ജനം ആരോഗ്യം സ്ത്രീശാക്തീകരണം വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകൾക്ക് വേണ്ടി മാറ്റിവെച്ച് സാമൂഹിക സേവനരംഗത്ത് മാതൃകയാകുന്നു.
വ്യവസായിക രംഗത്തെയും സാമൂഹിക സേവനരംഗത്തെയും മികവ് മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ ചെയർമാനും ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട്, ഡോ. സി കെ രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്.
പി വി സ്വാമിയുടെ ചരമദിനമായ സെപ്റ്റംബർ ഒന്നിന് കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ അവാർഡ് സമ്മാനിക്കും
