അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് നടി ഷക്കീല കഴുത്തിൽ ശസ്ത്രക്രിയക്ക് വിധേയയായി. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ, തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ഷക്കീല വിശദീകരിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം കഴുത്തിൽ ‘നെക്ക് കോളർ’ ധരിച്ചിരിക്കുകയാണ്.
ആശുപത്രിയിലെ ദൃശ്യങ്ങളും വീട്ടിലെത്തിയ ശേഷമുള്ള ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വശത്തേക്ക് ചരിഞ്ഞുകിടന്ന് ദീർഘനേരം ഫോണിൽ ഗെയിമുകൾ കളിച്ചത് തന്റെ കഴുത്തിലെ ഞരമ്പുകളെ ബാധിച്ചുവെന്ന് താരം പറയുന്നു. ഇതിനെത്തുടർന്ന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഫോൺ അമിതമായി ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുന്നതിനൊപ്പം, കുട്ടികൾക്ക് ഇത്തരം ഗാഡ്ജെറ്റുകൾ നൽകരുതെന്നും അവർ ഉപദേശിക്കുന്നു. ഫോൺ ഉപയോഗപ്രദമായ ഉപകരണമാണ്. പക്ഷെ, അനാവശ്യമായി ഉപയോഗിക്കരുത് – ഷക്കീല പറഞ്ഞു.
