അഡ്വ. വി പി റജീന
ഞാൻ ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ മദ്റസയിൻ എൻ്റെ കൂടെ പഠിച്ച ചില പെൺകുട്ടികളുടെ വിവാഹം എട്ടിലും ഒമ്പതിലും പത്തിലുമൊക്കെ വച്ച് നടന്നതോർക്കുന്നു.35വയസാകുമ്പോഴേക്കും അവർ മുത്തശ്ശിമാരാകും. എനിക്ക് പത്താം ക്ലാസ് കഴിഞ്ഞ് പഠിക്കാനും സ്വന്തം കാലിൽ നിൽക്കാനുമെടുത്ത ഒരു വ്യാഴവട്ടക്കാലം പോരാട്ടത്തിൻ്റേതായിരുന്നു. സ്വന്തം കുടുംബത്തിലും സമൂഹത്തിലും…തിരിഞ്ഞ് നോക്കുമ്പോൾ കൺ നിറയ്ക്കുന്നവയാണവ…
ഇന്ന് എത പെൺകുട്ടികളുടെ വിവാഹം ഈ പ്രായത്തിൽ നടക്കുന്നുണ്ട്? 20- 30 വയസായാലും നല്ല വിദ്യാഭ്യാസം നേടി സ്വന്തമായി ജോലിയും വരുമാനവും ആയാൽ മാത്രമേ വിവാഹം കഴിക്കു എന്ന് പറയുന്ന മിടുക്കികളെ നമുക്ക് ചുറ്റും കാണാൻ കഴിയും.ആ കുട്ടികളോടും ആർജ വത്തോടെ പറയാൻ അവരെ പ്രാപ്തരാക്കിയ രക്ഷിതാക്കളുമുൾപ്പെടുന്ന ഇന്നത്തെ സമൂഹത്തോടാണ് സ്ത്രികൾ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കണമെന്നും സ്ത്രീകളെ പ്രദർശിപ്പിക്കരുതുമെന്നും കാന്തപുരം പറയുന്നത്…
എന്തിനാണ് സ്ത്രീ വീട്ടിൽ അടങ്ങി ഒതുങ്ങിയിരിക്കുന്നത്? അന്യപുരുഷൻമാർ കാണാതിരിക്കാൻ …. അന്യ പുരുഷൻ കണ്ടാലെന്താ കുഴപ്പം? ലക്ഷകണക്കിന് സ്ത്രീകൾ ഓരോ ദിവസവും വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നുണ്ട്. അതിൽ വിദ്യാഭ്യാസം, തൊഴിൽ, ഭരണം,ആരോഗ്യം, ഷോപ്പിംഗ്, വിനോദം, ആഘോഷങ്ങൾ, യാത്ര, തുടങ്ങി വിവിധ കാരണങ്ങൾ ഉണ്ട്. ഈ ആവശ്യങ്ങൾ നടത്താൻ സ്ത്രീകൾ എന്ത് ചെയ്യണം? കാന്തപുരം ഇതൊക്കെ നടത്തുമൊ? ഒരിക്കലുമില്ല… പ്രായോഗികവുമല്ല …
‘പിന്നെന്തിനാണ് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നത്?ഇതൊക്കെ ഞങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന് കാണിക്കാൻ.. എന്നിട്ടെന്തെങ്കിലും മാറ്റമുണ്ടായൊ? ആരേയും പിറകോട്ട് നയിക്കാനായില്ല എന്ന് മാത്രമല്ല
പുരോഗമനപരമായ മാറ്റങ്ങളാണ് സമൂഹത്തിൽ ഉണ്ടാകുന്നത്… പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടുന്നു, വിദേശ രാജ്യങ്ങളിലടക്കം ഒറ്റയ്ക്ക് പോയി ജോലി ചെയ്യുന്നു.സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നു. ഇഷ്ടപെട്ട വേഷം ധരിക്കുന്നു,സ്റ്റേജിൽ കയറി പ്രസംഗിക്കുന്നു, പാടുന്നു, നൃത്തം ചെയ്യുന്നു.മികച്ച രീതിയിൽ ഭരണം നടത്തുന്നു…. ബഹിരാകാശത്തേക്ക് പറക്കുന്നു …. അങ്ങനെ നിരവധി …
ഇതൊന്നും ഒറ്റ ദിവസം കൊണ്ട് ഉണ്ടായ മാറ്റങ്ങളല്ല. ഒത്തിരി പേരുടെ ത്യാഗങ്ങളും പോരാട്ടങ്ങളും ധീരതയോടെയുള്ള ഇടപെടലുകളുമൊക്കെ ഇതിന് പിറകിലുണ്ട്… അതിനിയും തുടരും…അതു കൊണ്ട് ഇത്തരം പ്രസ്താവനകൾ നടത്തുന്ന മത പണ്ഡിതൻമാർ ഈ സമൂഹത്തെ പിറകോട്ട് നടത്താൻ കഴിയില്ല എന്ന് തിരിച്ചറിയുക… ആധുനിക സമൂഹത്തിൽ ഇത്തരം പ്രസ്താവനകൾ വിഢിത്തരങ്ങളും തമാശകളുമായേ ജനം
കാണൂ …
