വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പുതുതായി ചേന്ദമംഗലത്ത് നിര്‍മിച്ച പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 11ന് ഉച്ചക്ക് 12ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ കെ രമ എംഎല്‍എ അധ്യക്ഷയാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 9.30ന് ചോറോട് ബാങ്ക് പരിസരത്തുനിന്ന് ഘോഷയാത്രയും തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും.
ചേന്ദമംഗലത്ത് ബഡ്സ് സ്കൂളും കൃഷി ഓഫീസും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ ഓഫീസ് കെട്ടിടവും നിര്‍മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തില്‍ ഫ്രണ്ട് ഓഫീസ്, ഹെല്‍പ്പ് ഡെസ്ക് തുടങ്ങിയവയും ജീവനക്കാര്‍ക്കുള്ള സംവിധാനങ്ങളും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ദേശീയപാത വികസനത്തിനായി പഞ്ചായത്ത് ഓഫീസ് ഭൂമി ദേശീയപാത അതോറിറ്റി ഏറ്റെടുത്തതിനെ തുടര്‍ന്നാണ് പുതിയ ഓഫീസ് സമുച്ചയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്നും സിഎഫ്സി ഫണ്ടില്‍നിന്നുമുള്ള തുക ചെലവിട്ടായിരുന്നു നിര്‍മാണം.
