കോഴിക്കോട്: കൂടരഞ്ഞി – മുക്കം റോഡിൽ താഴെ കൂടരഞ്ഞിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പൂവാറംതോട് സ്വദേശി ബിനുവിൻ്റെ മകൻ അഭിജിത്ത് ആണ് മരണപ്പെട്ടത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് അപകടത്തിൽ പരിക്കേറ്റു.
ഇന്ന് പുലർച്ചയാണ് സംഭവം. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റ രണ്ടുപേരെയും സമീപത്തെ കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഭിജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
താഴെ കൂടരഞ്ഞിക്ക് സമീപം വർക്ക്ഷോപ്പിന് മുന്നിൽ വെച്ചാണ് കാറും ബൈക്കും കൂട്ടിയിടിച്ചത്. റോഡിലെ വളവിൽ വെച്ച് എതിർദിശയിൽ വന്ന ആൾട്ടോ കാറുമായി പൾസർ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
