പി. രാജീവ്
അവസാനിച്ചു എന്നും ഇനിയൊരു തിരിച്ചു വരവുണ്ടാവില്ല എന്നും തീർപ്പുകൽപ്പിച്ചിടത്തു നിന്ന് ഇരമ്പിയാർത്ത് മടങ്ങിയെത്തുകയും മറ്റൊരു സമര ചരിത്രമായി മാറുകയും ചെയ്ത അതിജീവനക്കരുത്തിൻ്റെ പേരാണ് വി.എസ്. ചുവന്ന കേരളത്തിൻ്റെ തനിപ്പകർപ്പ്. പാലാ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ തല്ലിക്കൊന്നെന്ന് സംശയമില്ലാതെ ഉറപ്പിച്ച് മറവുചെയ്യാനൊരുങ്ങവേ ജീവൻ്റെ തുടിപ്പ് കണ്ടതിനാൽ മാത്രം കഥാവശേഷനാകാതെ പോയൊരാൾ. ഇക്കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലൂടെ കേരളത്തെ രൂപപ്പെടുത്തിയ ആദ്യ പേരുകളിൽ പ്രധാനി.
നാലാം വയസിൽ വസൂരി കൊണ്ടുപോയ അമ്മയുടേയും പതിനൊന്നാം വയസിൽ മരണം തട്ടിയെടുത്ത അച്ഛൻ്റേയും മകൻ നടന്ന ജീവിതപ്പാത കേരളത്തിൻ്റെ നടവഴിയാണ്. തിരിച്ചടികൾ നേരിട്ടും പൊരുതി മുന്നേറിയും ജീവിച്ച കേരളത്തിൻ്റെ നടവഴി. ഐക്യകേരളത്തിന് മൂന്നരപ്പതിറ്റാണ്ട് മുൻപ് ജനിക്കുകയും ഡിജിറ്റൽ വിസ്ഫോടനത്തിൻ്റെ യുഗത്തിൽ ഏറ്റവും മുനകൂർപ്പിച്ച രാഷ്ട്രീയബോധ്യത്തോടെ കേരളത്തെ നയിക്കുകയും ചെയ്ത വി എസിനെ ഒട്ടൊരു അവിശ്വസനീയതയോടെ മാത്രമേ ഓർക്കാനാകൂ.
ആസ്പിൻവാൾ കമ്പനിയിലെ കയർ തൊഴിലാളികളേയും കുട്ടനാട്ടിലെ കർഷക തൊഴിലാളികളേയും സംഘടിപ്പിച്ച് പൊതുജീവിതം തുടങ്ങിയ വി.എസ് പിന്നീട് കടന്നുചെല്ലാത്ത സമരമുഖങ്ങളില്ല. തൊഴിലാളി, പരിസ്ഥിതി, ദളിത്, സ്ത്രീ, വിദ്യാർത്ഥി സംബന്ധമായ എണ്ണമറ്റ പോർമുഖങ്ങളിൽ അധൃഷ്യമായ കരുത്തായി, ആയിരങ്ങൾ ആശയർപ്പിച്ച തണലായി വി എസ് നിറഞ്ഞു. പാർട്ടി സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി തുടങ്ങി കൈകാര്യം ചെയ്ത അനേകം ചുമതലകളിൽ വി.എസ് പുതിയ പാഠങ്ങൾ പകർന്നു. വികാരവായ്പോടെ കേരളം നൽകിയ യാത്രാമൊഴിയാണ് ആ സമരജീവിതത്തിൻ്റെ സാക്ഷ്യപത്രം.
