കോഴിക്കോട്: മാവൂർ റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരണപ്പെട്ടു. ചാത്തമംഗലം പാഴൂരിന് സമീപം ചിറ്റാരിപ്പിലാക്കൽ ചോലക്കൽ സ്വദേശി അൻഷിഫ് (18) ആണ് മരിച്ചത്. മാവൂർ റോഡിലെ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിന് സമീപം ഇന്നലെ രാവിലെയോടെയായിരുന്നു അപകടം സംഭവിച്ചത്.
കോഴിക്കോട് ഭാഗത്തുനിന്ന് മാവൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു അൻഷിഫ്. ഈ സമയത്ത് സ്കൂട്ടർ എതിർദിശയിൽ നിന്ന് വന്ന കാറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അൻഷിഫിന് ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും മറ്റ് യാത്രികരും ചേർന്ന് അൻഷിഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
