കോഴിക്കോട്: താജിൻ്റെ നാടകങ്ങൾ പലകുറി അരങ്ങേറിയ ടൗൺഹാളിലെ നിറഞ്ഞ സദസ്സിൽ പി എം താജും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളും സ്നേഹിച്ചും കലഹിച്ചും വീണ്ടും അരങ്ങു കീഴടക്കി. താജിൻ്റെ 36-ാം ചരമ വാർഷികത്തിൽ പുരോഗമന കലാ സാഹിത്യ സംഘം ഒരുക്കിയതായിരുന്നു വേദി. പുറത്ത് മഴ കോരിച്ചൊരിയുമ്പോൾ അകത്ത് താജിൻ്റെ ചിന്തകൾ കാഴ്ചക്കാരുടെ മനസ്സിനെ സംഘർഷഭരിതമാക്കുകയായിരുന്നു.

സാംസ്കാരിക സദസ്സ് ഡോ. എം എ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. താജിൻ്റെ അസ്ഥിര കഥാപാത്രങ്ങൾ സംഘർഷാത്മകമായ ജീവിതാവസ്ഥകളെ സ്ഥിരപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജീവിത പ്രതിസന്ധികളെ കഥാപാത്രങ്ങളായി നിരത്തി നിർത്തി ദൈവ നീതിയെ ചോദ്യം ചെയ്തു. വിശക്കുന്നവൻ്റെ വേദാന്തം പറഞ്ഞ് വ്യവസ്ഥിതികളോട് കലഹിച്ചു. നാടക കീഴ്വക്കങ്ങളെ പൊളിച്ചെടുത്ത് അരങ്ങുകളുടെ വ്യാപനത്തിന് താജ് തൻ്റെ നാടക ജീവിതത്തിലൂടെ തുടക്കമിടുകയായിരുന്നുവെന്നും എം എ സിദ്ദിഖ് പറഞ്ഞു.

തുടർന്ന് പ്രദീപ് മണ്ടൂർ, സഞജയ് കൃഷ്ണ എന്നിവർ സംവിധാനം ചെയ്ത `രാവുണ്ണിത്തമ്പാൻ കണ്ണൂർ തിയേറ്റർ മൂവ്മെൻ്റും ഡോ. ജയിംസ് പോൾ രചനയും സംവിധാനവും നിർവഹിച്ച `വിപരീതം` ജന ചേതന ഡ്രമാറ്റിക്സും അവതരിപ്പിച്ചു. രാധാകൃഷ്ണൻ പേരാമ്പ്ര രചിച്ച ഒലീവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റ കുഞ്ഞ് എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. തത്സമയ അഭിനയ മത്സരവും നടന്നു.

സംഘാടക സമിതി ചെയർമാൻ കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. യു ഹേമന്ദ് കുമാർ, എ കെ രമേശ്, ജയപ്രകാശ് കാര്യാൽ, പുരുഷൻ കടലുണ്ടി, ടി സുരേഷ് ബാബു, വിൽസൻ സാമുവൽ, കെ ആർ മോഹൻ ദാസ് , എൽസി സുകുമാരൻ, അജിത നമ്പ്യാർ, എം വി സുരേഷ് ബാബു, മിത്തു തിമോത്തി എന്നിവർ സംസാരിച്ചു. ഗുലാബ് ജാൻ സ്വാഗതവും എം സി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
ചിത്രങ്ങള്ഃ ആര്.വി. സതി
