ഡിവൈഎഫ്ഐ സംസ്ഥോന സെക്രട്ടറിയായി എം വിജിനേയും പ്രസിഡണ്ടായി ചിന്ത ജെറോമിനേയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ആർ രാഹുൽ ആണ് ട്രഷറർ.
വൈസ് പ്രസിഡന്റ്: ആർ ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു.
ജോയിന്റ് സെക്രട്ടറി: ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ.
92 അംഗ കമ്മറ്റിയെയും 25 അംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.
എം വിജിൻ എംഎൽഎ
കണ്ണൂർ ജില്ലയിലെ എടാട്ട് ടി കെ ഭാസ്കരന്റെയും വസന്തയുടെയും മകനായി ജനനം. എടനാട് വെസ്റ്റ് എൽ പി സ്കൂൾ, എടനാട് യുപി സ്കൂൾ, ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം പയ്യന്നൂർ കോളേജിൽനിന്ന് ബി എസ് സി ഫിസിക്സ് പാസായി. കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ പിജി നേടി.
ബാലസംഘത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി എന്ന നിലകളിലും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി ,കണ്ണൂർ ജില്ലാ ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ച ശേഷം നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായും സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ അംഗമായും പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്. 2021 മുതൽ കല്ല്യാശ്ശേരി എംഎൽഎ ആണ്. ടീച്ചറായ അശ്വതിയാണ് ഭാര്യ മകൻ നെയ്തൽ.
ചിന്ത ജെറോം
അധ്യാപക ദമ്പതികളായ സി ജെറോമിന്റെയും എസ്തർ ജെറോമിൻ്റെയും മകളായി കൊല്ലത്ത് ജനനം. കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കർമ്മല റാണി ബിഎഡ് കോളേജിൽ നിന്നും ബിഎഡ് പൂർത്തീകരിച്ച ശേഷം കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടി. യുജിസി നെറ്റ്- ജെആർഎഫ് എന്നീ യോഗ്യതകൾ നേടിയിട്ടുണ്ട്. വിദ്യാർത്ഥികാലം മുതൽ എസ്എഫ്ഐ പ്രവർത്തകയായി പൊതുജീവിതം ആരംഭിച്ചു. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡൻ്റ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി,സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2007-2008 വർഷം കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആയിരുന്നു. കേരള സർവകലാശാല സെനറ്റ് അംഗമായും സിൻഡിക്കേറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.
2016 മുതൽ 2023 വരെ രണ്ട് ടേമുകളായി കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ആയി പ്രവർത്തിച്ചു.ഈ കാലഘട്ടത്തിൽ യൂത്ത് ബ്രിഗേഡ് പോലുള്ള ഒട്ടേറെ പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കി . പകർച്ച വ്യാധികൾ , പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ യുവതീ-യുവാക്കളെ സന്നദ്ധ സേവനത്തിന് പരിശീലനം നൽകി തയ്യാറാക്കി ലഭ്യമാക്കുന്ന മാതൃകാ പദ്ധതിയായിട്ടാണ് അത് വിഭാവനം ചെയ്തത്.
23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി എറണാകുളത്ത് വച്ച് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി യിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തzരഞ്ഞെടുക്കപ്പെട്ടു. 2016 ൽ സിപിഐഎം പ്രതിനിധി സംഘത്തോടൊപ്പം ചൈനയും 2025 ൽ ക്യൂബയും സന്ദർശിച്ചു. 2019ൽ ജർമ്മനിയിലെ ബോണിൽ കേരളത്തെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ കോൺക്ലേവിൽ യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ എന്ന നിലയിൽ പങ്കെടുത്തു. മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സിതാര ബുക്സ് പ്രസിദ്ധീകരിച്ച ‘ചുംബനം – സമരം ഇടതുപക്ഷം, ‘ചിന്താ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ചങ്കിലെ ചൈന, ‘ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘അതിശയപത്ത് ‘എന്നിവ പുസ്തകങ്ങൾ.
അഡ്വ. ആർ രാഹുൽ
വിദ്യാർഥി–യുവജന രംഗത്തെ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ നേതാവാണ് സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായ അഡ്വ. ആർ രാഹുൽ (37). ആലപ്പുഴ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ അംഗമാണ്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്. സംസ്ഥാന യുവജന കമീഷൻ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എൽഎൽബിയും നേടി. സംസ്കൃത സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. നിലവിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. ഭാര്യ: അഞ്ചു എസ് റാം, മകൻ: ഗസൽ , അമ്മ: സീമന്ദിനി.

