തിരുവനന്തപുരം: ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും കയ്യേറ്റം ചെയ്തുവെന്നുമുള്ള കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സിസാ തോമസിന്റെ പരാതിയില്‍ ഗവര്‍ണര്‍ സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തി.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ഇതുവരെയുള്ള നടപടികള്‍ ഡിജിപി ഗവര്‍ണറോട് വിശദീകരിച്ചു.
സംസ്ഥാന പൊലീസ് മേധാവിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തുന്നത് അപൂര്‍വ്വ നടപടിയാണ്. ഭരണം ബി ജെ പിക്ക് അടിയറ വെച്ചിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം നിലനില്കെ ഗവര്‍ണറുടെ നടപടി ചര്‍ച്ചയായിരിക്കുകയാണ്.
സിസാ തോമസിനെ ഗവര്‍ണര്‍ നേരില്‍ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. അറ്റ് ഹോം പരിപാടിയില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. സിസാ തോമസുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും സിസാ തോമസ് പരാതി നല്‍കിയത്.
കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നുമായിരുന്നു സിസാ തോമസിന്റെ പരാതി. തുടര്‍ന്ന് നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മെവിന്‍, യദു കൃഷ്ണന്, ബേസില്‍, വിജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാലടി പൊലീസിന്റേതാണ് നടപടി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നാം തീയതിയായിരുന്നു കാലടി സര്‍വകലാശാലയില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. സംഭവത്തില്‍ പരാതി നല്‍കില്ലെന്നായിരുന്നു സിസ തോമസ് ആദ്യം പറഞ്ഞത്.പിന്നീട് പരാതി നല്‍കുകയായിരുന്നു.
